ആചാരത്തിന്‍റെ അപൂര്‍വതയുമായി വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രനടയില്‍ മത്സ്യവ്യാപാരം
ചടയമംഗലം: ആചാരത്തിന്‍റെ അപൂര്‍വതകൊണ്ട് ജനശ്രദ്ധ നേടിയ മത്സ്യവ്യാപാരം വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രനടയില്‍ ഇന്നലെയും നടന്നു. അന്യദേശങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് ഇതില്‍ പങ്കുകൊള്ളാന്‍ എത്തിച്ചേര്‍ന്നത്.ഇണ്ടിളയപ്പന്‍ നടയിലെ നായവയ്പ് ഉത്സവത്തോടനുബന്ധിച്ചാണ് മുസ്‌ലിം സമുദായ അംഗങ്ങള്‍ മത്സ്യവ്യാപാരത്തിന് എത്തിച്ചേരുന്നത്.വെളുപ്പിന് തുടങ്ങിയ മത്സ്യവ്യാപാരം ഉച്ചവരെ നീണ്ടുനിന്നു. കേരളത്തില്‍ അപൂര്‍വ്വമായി നിലനില്‍ക്കുന്ന ആചാരമാണ് ക്ഷേത്രനടയിലെ മത്സ്യവ്യാപാരമെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് കെ.ജി.രാജേഷും സെക്രട്ടറി ടി.കെ.മനുവും പറഞ്ഞു.
തോട്ടുതീണ്ടല്‍ എന്ന ആചാരത്തിന്‍റെ ഭാഗമായി മത്സ്യത്തിന് ഒപ്പം ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് ദേശവാസികള്‍ മടങ്ങിയത്. ഉപ്പും ചുണ്ണാമ്പും അടുത്ത വര്ഷം വരെ ദേശവാസികള്‍ വീട്ടില്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും.വൈകിട്ടത്തെ ദീപാരാധനക്ക് ശേഷം വെളാര്‍ സമുദായ അംഗങ്ങള്‍ കളിമണ്ണില്‍ തീത്ത നായ് രൂപം ഇണ്ടിളയപ്പന്‍ നടയില്‍ സമര്‍പ്പിച്ചു.രണ്ടുദിവസമായി കാളവയല്‍ തെക്കേവയലില്‍ നടന്ന കാള വാനിഭത്തില്‍ തകൃതിയായ കച്ചവടമാണ് നടന്നത്.കൊണ്ടുവന്ന ഉരുക്കളെ മുഴുവന്‍ വില്‍ക്കാനായതിനാല്‍ അന്യസംസ്ഥാന കച്ചവടക്കാര്‍ സംതൃപ്തിയോടെയാണ് മടങ്ങിയത്.